Site icon Fourteen Kerala – 14 Kerala News

കണ്ണൂര്‍ വാണിയപ്പാറ പള്ളി കല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേതോ? വിശദ പരിശോധനയ്ക്ക് പൊലീസ്

കണ്ണൂര്‍: കണ്ണൂർ വാണിയപ്പാറ ഉണ്ണി മിശിഹാ ദേവാലയത്തിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കുന്നു. പള്ളി വികാരിയും ഇടവക അംഗങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്ന്, മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പോലീസ് നടപടി തുടങ്ങി.

വിലങ്ങാട് സ്വദേശിയായ സിജോ സ്‌കറിയ എന്നയാളുടെ കുടുംബം കൂടി അന്വേഷണം ആവശ്യപ്പെട്ട രംഗത്തെത്തിയിട്ടുണ്ട്. 2014 മുതലാണ് സിജോയെ കാണാതാവുന്നത്. കല്ലറയില്‍ ദുരൂഹമായി കണ്ടെത്തിയ മൃതദേഹത്തിന് സിജോയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പൊലീസ് നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വിലങ്ങാട് സ്വദേശി സിജോ 2014ല്‍ വാണിയപ്പാറയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. അവിടെ നിന്നാണ് കാണാതായതെന്ന് ബന്ധുക്കള്‍ പറയുന്നു. കാണാതായി 7 വര്‍ഷത്തിന് ശേഷമാണ് ബന്ധുക്കള്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയത്. സിജോ ഭാര്യവീട്ടിലാണെന്ന് വിലങ്ങാട്ടുള്ള ബന്ധുക്കളും, സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും കരുതിയതാണ് പരാതി നല്‍കാന്‍ വൈകിയതിന് കാരണമായി പറഞ്ഞത്.

കടയില്‍ പോയി വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാല്‍ അന്ന് അന്വേഷണത്തില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നിലവിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും പരാതി നല്‍കുമെന്ന് സിജോയുടെ ബന്ധുക്കള്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ വാണിയപ്പാറയിലെ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ ദുരൂഹതയുണര്‍ത്തുന്ന സംഭവമുണ്ടായത്. സെമിത്തേരിയില്‍ ഒരു മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോള്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ ഒരു വസ്തു കണ്ടെത്തുകയായിരുന്നു. മൃതദേഹമാണ് സംശയം ഉയര്‍ന്നതോടെ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരാതി ലഭിച്ചാല്‍ കല്ലറ തുറന്ന് പരിശോധിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഈ കല്ലറയില്‍ അടക്കിയവരുടെ ബന്ധുക്കള്‍ കല്ലറ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇനിയും സംശയമുണ്ടെങ്കില്‍ പുറത്തെടുത്ത് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കല്ലറയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികളും രംഗത്തെത്തി. ക്രിസ്ത്യന്‍ ആചാര പ്രകാരം ഒരു മൃതദേഹത്തിന് മേല്‍ മറ്റൊരു മൃതദേഹം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും സംഭവം അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍ പളളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ പറഞ്ഞു.

നിയമപരമായി മുന്നോട്ടുപോകണമെന്നാണ് പളളിയുടെ നിലപാട്. 2006-ലും 2015-ലും ഈ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015-ല്‍ ദുരൂഹ കല്ലറയില്‍ അടക്കിയ ജെയിംസിന്റെ ഭാര്യ സെമിത്തേരിയില്‍ എത്തി. 38-ാം നമ്പര്‍ കല്ലറയിലാണ് ജെയിംസിനെ അടക്കിയതെന്ന് കുടുംബം അറിയിച്ചു. ദുരൂഹത ഉയര്‍ത്തിയ കല്ലറ തന്നെയാണ് ജെയിംസിന്റെ ഭാര്യ തൊട്ടുകാണിച്ചത്.

Exit mobile version