ബംഗളൂരു: കർണാടകയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ ബസ് യാത്ര സൗജന്യം. വിദ്യാർഥികൾക്ക് താമസസ്ഥലത്ത് നിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ബസ് ചാർജ് നൽകാതെ യാത്ര ചെയ്യാം.
കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഗ്യാരണ്ടി പദ്ധതിയായ ‘ശക്തി’ പ്രകാരം വിദ്യാര്‍ഥിനികൾക്ക് സൗജന്യ യാത്ര നേരത്തെ അനുവദിച്ചിരുന്നു. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ സൗജന്യ ബസ് യാത്രപദ്ധതിയിലേക്ക് ആണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് കർണാടകയിലെ എല്ലാ സ്കൂൾ, കോളജ് വിദ്യാര്‍ഥികൾക്കും സൗജന്യ ബസ് യാത്ര സൗകര്യം വ്യാപിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, ഗോവ എന്നിവയുടെ അതിർത്തി പ്രദേശങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സ്ഥിതി ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാര്‍ഥികൾക്കും ആനുകൂല്യം ബാധകമാണ്.
കർണാടകയിൽ താമസിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും സംസ്ഥാനത്തിന് പുറത്തുള്ള അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നതും കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യത്തിന് അർഹതയുണ്ടാവും.കർണാടകയിലുടനീളമുള്ള സ്കൂളുകൾ, കോളജുകൾ, ഐ.ടി.ഐകൾ, ഡിപ്ലോമ സ്ഥാപനങ്ങൾ, പ്രഫഷനൽ കോഴ്സുകൾ, മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികൾക്ക് സൗജന്യ ബസ് യാത്ര ആനുകൂല്യങ്ങൾ ലഭിക്കും.
