Site icon Fourteen Kerala – 14 Kerala News

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ പേരിലാണ് ബെന്നി തോമസ് രാജിവെച്ചത്.

ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി. അതേസമയം ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു.

ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ, മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വ്യക്തമായ മറുപടി നൽകാതെ മന്ത്രി ഒഴിഞ്ഞുമാറി.

ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാളെ തന്റെ വകുപ്പിൽ ആവശ്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിയമപരമായി യാതൊരു തടസ്സവും അതിനുണ്ടായിരുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version