Site icon Fourteen Kerala – 14 Kerala News

കാറിൽ ഐസ്‌ക്രീം വീഴ്ത്തിയതിന് ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹവുമായി നഗരത്തിൽ ചുറ്റിയത് 12 മണിക്കൂർ, അമ്മയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: കാറിനുള്ളിൽ അബദ്ധത്തിൽ ഐസ്‌ക്രീം വീഴ്ത്തിയെന്ന നിസ്സാര കാരണത്താൽ ആറ് വയസ്സുകാരിയെ അമ്മയും ലിവിൻ പങ്കാളിയും ചേർന്ന് ക്രൂരമായി മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. ബെംഗളൂരുവിലെ സിഗേഹള്ളിയിൽ കഴിഞ്ഞ മാർച്ച് 25-നാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. മാസങ്ങൾ നീണ്ട വിശദമായ അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ അമ്മ പ്രിയങ്ക പി, ഇവരുടെ കാമുകനും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ മോഹൻ ജെ. മഹാനിംഗപ്പ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 24-ന് രാത്രി പ്രതികൾ കുട്ടിയുമായി കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. യാത്രയ്ക്കിടെ കുട്ടി കയ്യിലിരുന്ന ഐസ്‌ക്രീം അബദ്ധത്തിൽ കാറിനുള്ളിൽ വീഴ്ത്തി. ഇതിൽ പ്രകോപിതനായ മോഹൻ കുട്ടിയുടെ വയറ്റിൽ കൈമുട്ടുകൊണ്ട് ശക്തമായി ഇടിച്ചു.

വേദനകൊണ്ട് കുട്ടി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയതോടെ, വിവരം പുറത്തറിയാതിരിക്കാൻ മോഹൻ കുട്ടിയുടെ വായയും മൂക്കും ശക്തമായി അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടി മരിച്ച വിവരം മറച്ചുവെക്കാൻ പ്രതികൾ വൻ നാടകമാണ് നടത്തിയത്. മൃതദേഹം കാറിലിരുത്തി ഇവർ ഏകദേശം 12 മണിക്കൂറോളം ബെംഗളൂരു നഗരത്തിലൂടെ വണ്ടിയോടിച്ചു നടന്നു. പിന്നീട് കുട്ടിക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നമുണ്ടായി മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ പൊലീസിന് സംശയമുണ്ടാക്കി.

ദാമ്പത്യ തർക്കങ്ങളെ തുടർന്ന് പ്രിയങ്ക തന്റെ ആദ്യ ഭർത്താവ് പ്രവീൺ ബസപ്പയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. തുടർന്ന് രണ്ട് കുട്ടികളുടെ പിതാവായ മോഹനുമായി ബെംഗളൂരുവിലെ ആഡംബര വില്ലയിലായിരുന്നു താമസം. തങ്ങളുടെ പുതിയ ബന്ധത്തിനും ഐ.വി.എഫ് വഴി പുതിയൊരു കുഞ്ഞിനെ സ്വീകരിക്കാനുള്ള പദ്ധതികൾക്കും ഈ ആറുവയസ്സുകാരി തടസ്സമാണെന്ന് ഇവർ കരുതിയിരുന്നതായി കുട്ടിയുടെ പിതാവ് പ്രവീൺ നൽകിയ പരാതിയിൽ പറയുന്നു. കുട്ടി മുൻപും ഇവരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ പിതാവ് പ്രവീൺ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യുകെയിലുള്ള തന്റെ ബന്ധുവായ ശിശുരോഗ വിദഗ്ദ്ധന് അയച്ചുകൊടുത്തു. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ, കുട്ടി ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും സ്ഥിരീകരിച്ചു.

തുടർന്ന് ജൂൺ 4-ന് പ്രവീൺ നൽകിയ ഔദ്യോഗിക പരാതിയിലാണ് പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തത്. ഒന്നാം പ്രതിയായ മോഹനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന അമ്മ പ്രിയങ്കയെ കഴിഞ്ഞ ദിവസം ഹാസൻ ജില്ലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.

Exit mobile version