Site icon Fourteen Kerala – 14 Kerala News

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി.

ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നേരത്തെ ഈ ഹർജിയിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് ഇപ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്തും കേസ് കേൾക്കുന്നതിൽ നിന്നും ഒഴിഞ്ഞത്.
മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സമയത്ത് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജിയായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത്. കൂടാതെ, ഈ വിഷയത്തിൽ നടന്ന വസ്തുതാ പരിശോധനാ റിപ്പോർട്ടിൽ ഇദ്ദേഹത്തിനെതിരെ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയുണ്ടായിരുന്നു എന്നതും പിന്മാറ്റത്തിന് കാരണമായി.

ഇതോടെ അതിജീവിതയുടെ ഹർജി ഇനി മറ്റൊരു ബെഞ്ചാകും പരിഗണിക്കുക. കോടതി മേൽനോട്ടത്തിൽ പുതിയതും നിഷ്പക്ഷവുമായ ഒരു പുനരന്വേഷണം വേണമെന്ന ആവശ്യവുമായാണ് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവർ വഴി അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്.മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. പീഡന ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൽ മൂന്ന് തവണയാണ് നിയമവിരുദ്ധമായി പരിശോധന നടന്നതെന്ന് റിപ്പോർട്ടർ ടിവി പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

2018 ജനുവരി 9-ന് രാത്രി അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദും, 2018 ഡിസംബർ 13-ന് രാത്രി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതായാണ് കണ്ടെത്തൽ.വിചാരണ കോടതിയിൽ വെച്ച് ശിരസ്തദാർ താജുദ്ദീന്റെ വിവോ ഫോണിലാണ് അവസാനമായി ഈ മെമ്മറി കാർഡ് ഇട്ട് ദൃശ്യങ്ങൾ കണ്ടതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതിയുടെ കർശന നിർദ്ദേശം വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസ് പാലിച്ചില്ലെന്ന ഗുരുതരമായ ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ്, പുതിയ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നിയമപോരാട്ടം ശക്തമാക്കിയിരിക്കുന്നത്.

Exit mobile version