Site icon Fourteen Kerala – 14 Kerala News

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല, വിചാരണക്കോടതി പരാമർശം ഹൈക്കോടതി നീക്കി

ശബരിമല സ്വര്‍ണക്കൊളള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം ഹൈക്കോടതി നീക്കി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ശബരിമല സ്വര്‍ണക്കൊളള കേസില്‍ അറസ്റ്റിലായി 41 ദിവസത്തിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലന്‍സ് കോടതി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചത്.പ്രഥമദൃഷ്ട്യാ ക്രിമിനല്‍ ഗൂഢാലോചനയോ നേരിട്ടുളള പങ്കോ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് കണ്ഠരര് രാജീവര് ആരോപിച്ചിരുന്നു. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് തന്റെ അറസ്റ്റിന് കാരണമായതെന്നാണ് കണ്ഠരര് രാജീവരരുടെ വാദം.താന്‍ ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നയാളാണ്. അതിനാലാണ് യുവതീ പ്രവേശനം എതിര്‍ത്തത്. ഒപ്പം എല്ലാ ദിവസം ക്ഷേത്രം തുറക്കമെന്ന അഭിപ്രായവും താന്‍ എതിര്‍ത്തു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് തന്ത്രിയുടെ വാദം.

കണ്ഠരര് രാജീവരര്‍ക്ക് കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, മാധ്യമങ്ങളോട് പ്രതികരിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ആഴ്ച്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.

Exit mobile version