Site icon Fourteen Kerala – 14 Kerala News

മോഷണക്കുറ്റം ആരോപിച്ച് 25കാരനെ അടിച്ചുകൊന്ന സംഭവം; എഎസ്ഐ അടക്കം അഞ്ചുപേർ പിടിയിൽ

പട്ന: ബീഹാറിലെ സിവാൻ ജില്ലയിൽ 25കാരനായ ഷഹ്‌സാദ് അലിയെ ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിൽ.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മേയ് 30നാണ് ബർഹാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവ്‌രാജ്പൂർ ഗ്രാമത്തിൽ ദാരുണമായ സംഭവം നടന്നത്.

മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ഷഹ്‌സാദിനെ വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഭാര്യ മോബിന ഖാത്തൂൻ പൊലീസിൽ പരാതി നൽകി.അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച വലിയ വിവാദമായിട്ടുണ്ട്. അക്രമം നടക്കുന്ന സമയത്ത് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡയൽ-112 എമർജൻസി വിഭാഗത്തിലെ സബ് ഇൻസ്പെക്ടർ സഞ്ജീവ് കുമാർ, യുവാവിനെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചില്ല.

പകരം യുവാവിനെ അക്രമാസക്തരായ ആൾക്കൂട്ടത്തിന് നടുവിൽ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും തുടർന്നുണ്ടായ ക്രൂരമർദ്ദനത്തിലാണ് ഷഹ്‌സാദ് മരണപ്പെട്ടതെന്നുമാണ് ആരോപണം. കർത്തവ്യവിലോപവും അനാസ്ഥയും കാണിച്ച സബ് ഇൻസ്പെക്ടറെ ഉടനടി സസ്പെൻഡ് ചെയ്തതായും കൂടെയുണ്ടായിരുന്ന രണ്ട് ഹോം ഗാർഡുമാരെ പിരിച്ചുവിടാൻ ശിപാർശ ചെയ്തതായും സിവാൻ എസ്.പി അറിയിച്ചു.

Exit mobile version