Site icon Fourteen Kerala – 14 Kerala News

ഉഗാണ്ടയിൽ വീണ്ടും എബോള ഭീതി; ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കമ്പാല: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ എബോള വൈറസ് രോഗബാധ വീണ്ടും സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആറ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം എബോള കേസുകളുടെ എണ്ണം 15 ആയി ഉയർന്നു.

രോഗബാധ നിയന്ത്രണവിധേയമാക്കാൻ ആരോഗ്യ അധികൃതർ ഊർജിത ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരാണെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ 12 രോഗികൾ ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. രണ്ടുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം മെയ് മാസത്തിലാണ് രാജ്യത്ത് എബോള പൊട്ടിപ്പുറപ്പെട്ടതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിദേശത്തുനിന്ന് വന്നവരിൽ രോഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.

Exit mobile version