Site icon Fourteen Kerala – 14 Kerala News

പെരിയ ഇരട്ടക്കൊലപാതക കേസ്, നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

തിരുവനന്തപുരം : രാഷ്ട്രീയ കേരളത്തിൽ വൻ വിവാദമായ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ കൂട്ടപ്പരോൾ നടപടികൾക്ക് താൽക്കാലിക വിലക്ക്. കേസിൽ അവശേഷിക്കുന്ന നാല് പ്രതികളുടെ പരോളാണ് ആഭ്യന്തര വകുപ്പ് താൽക്കാലികമായി തടഞ്ഞത്. ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ ഇവരെ ജയിലിന് പുറത്തിറക്കില്ല.

പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. ആറ് പ്രതികൾ ഇറങ്ങിയതിന് പിന്നാലെയാണ് കൂട്ടപരോൾ വിവാദമായത്. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം വീടുകളിലെത്തി. ഇരുപത് ദിവസത്തേക്കാണ് പരോൾ. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്.

Exit mobile version