Site icon Fourteen Kerala – 14 Kerala News

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ 5 പേർ കൂടി പുറത്തേക്ക്, പോലീസ് അതീവ ജാഗ്രതയിൽ

കാസർകോട്: രാഷ്ട്രീയകേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്ക് കൂടി ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചു.
കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പുതുതായി പരോൾ ലഭിച്ചത്. കേസിലെ മറ്റ് പ്രതികളെല്ലാം നേരത്തെ തന്നെ വിവിധ ഘട്ടങ്ങളിലായി പരോൾ നേടി പുറത്തിറങ്ങിയിരുന്നു.

പുതിയ ഉത്തരവോടെ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ മുഴുവൻ പ്രതികളും പുറത്തിറങ്ങുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ പ്രതികൾക്ക് പരോൾ അനുവദിച്ചപ്പോൾ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു.

എന്നാൽ ഇത്തവണ പ്രതികൾ കോടതിയെ സമീപിച്ച് സ്വന്തം വീടുകളിലേക്ക് പോകാനുള്ള പ്രത്യേക അനുമതി നേടിയെടുക്കുകയായിരുന്നു. പ്രതികൾ ഒന്നിച്ച് നാട്ടിലെത്തുന്ന സാഹചര്യത്തിൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളോ സംഘർഷ സാധ്യതയോ ഉണ്ടാകാതിരിക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കുകയും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതികൾക്ക് തുടർച്ചയായി കൂട്ടപ്പരോൾ അനുവദിക്കുന്നതിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികൾക്ക് തിരക്കിട്ട് പരോൾ അനുവദിച്ച് നൽകുകയാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പ്രധാന ആരോപണം.

Exit mobile version