Site icon Fourteen Kerala – 14 Kerala News

ചെന്നൈയുടെ സ്വന്തം ചേട്ടൻ!’ : സെക്യൂരിറ്റിയില്ലാതെ ബീച്ചിലെത്തി ലോക്കൽ പിള്ളേർക്കൊപ്പം ക്രിക്കറ്റ് കളിച്ച് സഞ്ജു സാംസൺ

ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയതോടെ തമിഴ്‌നാടിന്റെ പ്രിയപ്പെട്ട ‘ചേട്ടനായി’ മാറിയ സഞ്ജു സാംസൺ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുന്നു. യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളോ താരജാഡകളോ ഇല്ലാതെ ചെന്നൈയിലെ ഒരു ബീച്ചിൽ പ്രാദേശിക ക്രിക്കറ്റ് കളിക്കാർക്കൊപ്പം സമയം ചെലവഴിക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

സാധാരണക്കാരനായി കാറിൽ വന്നിറങ്ങിയ സഞ്ജു, അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്കൊപ്പം ചേരുകയായിരുന്നു. പ്രാദേശിക ബൗളർമാരുടെ പന്തുകൾ സിക്‌സറിന് പറത്തി ആരാധകരെ ആവേശത്തിലാക്കിയ താരം, ഏറെ നേരം അവർക്കൊപ്പം ചെലവഴിച്ചു. മടങ്ങുന്നതിന് മുൻപ് ചെന്നൈക്കാരുടെ പ്രിയപ്പെട്ട ‘തട്രോം… തൂക്രോം’ ഡയലോഗും ആരാധകരെക്കൊണ്ട് പറയിപ്പിച്ചാണ് താരം മടങ്ങിയത്.പെരുമാറ്റം കൊണ്ട് മാത്രമല്ല, ചെന്നൈക്കായി ഈ സീസണിൽ പുറത്തെടുക്കുന്ന മികച്ച പ്രകടനം കൂടിയാണ് സഞ്ജുവിനെ ചെന്നൈയുടെ പ്രിയങ്കരനാക്കുന്നത്.

11 മത്സരങ്ങളിൽ നിന്ന് 430 റൺസ്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും. നിലവിൽ ഓറഞ്ച് ക്യാപ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് താരം. മികച്ച ഫോമും ലളിതമായ പെരുമാറ്റവും സഞ്ജുവിനെ ചെന്നൈ ആരാധകരുടെ യഥാർത്ഥ സൂപ്പർ ഹീറോ ആക്കി മാറ്റിയിരിക്കുകയാണ്.

Exit mobile version