Site icon Fourteen Kerala – 14 Kerala News

മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മേൽമുറി ചേർതൊടി അഫ്സലിന്റെയും ഫെബിന റിൻസിയും മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെയും തസ്നിമയുടെയും മകൻ മുഹമ്മദ് ഫഹ്‌ലാൻ (4) എന്നിവരാണു മരിച്ചത്. സഹോദരിമാരുടെ മക്കളാണ് ഇവർ. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

പൂക്കോട്ടൂർ മാണിക്കംപാറ പരപ്പതോട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഫെബിനയുടെയും തസ്നിമയുടെയും പിതാവ് മാണിക്കംപാറ ഷിഹാബുദ്ദീന്റെ വീട്ടിലായിരുന്നു കുട്ടികൾ. കിഴിശ്ശേരിയിൽ വീടുപണി നടക്കുന്നതിനാലാണ് കുട്ടികൾ ഇവിടെയെത്തിയത്. വീടിന് ഏതാനും മീറ്റർ അകലെയുള്ള തോട്ടിലേക്ക് കളിക്കാൻ പോയതാണ് ഇരുവരും.

മഴ പെയ്തതിനാൽ കഴിഞ്ഞ ദിവസം തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദിൽ ഫിറാസ് പൂക്കോട്ടൂർ പികെഎംഐസി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി ഫാത്തിമ ആയിഷ.

Exit mobile version