Site icon Fourteen Kerala – 14 Kerala News

തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി: ഒരു വോട്ടിന് വിജയിച്ച എംഎൽഎയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ടിവികെയ്ക്ക് തിരിച്ചടി. തിരുപ്പത്തൂർ എംഎൽഎ ആർ. സീനിവാസ സേതുപതി സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി അധ്യക്ഷയായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കോടതി വിലക്കേർപ്പെടുത്തിയതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ സീനിവാസ സേതുപതിക്ക് പങ്കെടുക്കാനാകില്ല. ഒരു വോട്ടിനു ആയിരുന്നു സീനിവാസ സേതുപതിയുടെ ജയം. ഡിഎംകെ സ്ഥാനാർഥിയും മന്ത്രിയുമായിരുന്ന പെരിയകറുപ്പൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരേ പേരുള്ള രണ്ട് മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ മാറി എന്നാണ് ഹർജിയിലെ വാദം.

ടിവികെയുടെ ശ്രീനിവാസ സേതുപതിക്ക് 83,365 വോട്ടുകളും, പെരിയകറുപ്പന് 83,364 വോട്ടുകളുമാണ് ലഭിച്ചത്. റീ കൗണ്ടിങ് നടത്തണമെന്നും ടിവികെ എംഎൽഎ സത്യപ്രതിജ്ഞ ചെയ്യുന്നതും നിയമസഭാ നടപടികളിൽ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെരിയകറുപ്പൻ കോടതിയെ സമീപിച്ചത്. ഹർജി പഗിഗണിച്ച കോടതി സീനിവാസ സേതുപതിയെ സഭാ നടപടികളിൽ നിന്ന് വിലക്കി കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

അതേസമയം, തമിഴ്നാട് നിയമസഭയിൽ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥിയായ മുതിർന്ന നേതാവ് ജെ. സി. ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം. രവിശങ്കറെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടതായി പ്രോ ടൈം സ്പീക്കർ എം.വി. കറുപ്പയ്യ അറിയിച്ചു.

Exit mobile version