Site icon Fourteen Kerala – 14 Kerala News

വിവാഹ സത്ക്കാരത്തിനിടെ സംഘർഷം, സ്ത്രീകളടക്കം എട്ടുപേര്‍ക്ക് പരിക്ക്

വണ്ടിപ്പെരിയാർ : വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തിൽ വരന്റെ ബന്ധുവും കേറ്ററിങ് ജീവനക്കാരും ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. ഗ്രാമ്പി സ്വദേശികളായ പൊൻരാജ് (60),സുധ (37),റിധിൻ(17), സുബാഷ് (35), രാജേന്ദ്രൻ (40), കേറ്ററിങ് ഉടമ തെക്കിനേത്ത് ജിയോ (38), ജീവനക്കാരായ അഭിജിത്ത് (22), അമൽ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രം, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സ തേടി.

വെള്ളിയാഴ്ച ഒന്നരയോടെ വണ്ടിപ്പെരിയാർ ഗ്രാമ്പി സ്വദേശികളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വിവാഹം കഴിഞ്ഞശേഷം ഏറ്റവും അവസാന ഭാഗത്താണ് വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെയുള്ള ആളുകൾ ഭക്ഷണം കഴിക്കാൻ എത്തിയത്. ഈസമയം മേശയും മറ്റും വൃത്തിയാക്കുകയായിരുന്നു കേറ്ററിങ് തൊഴിലാളികൾ.

ബന്ധുക്കൾ ഈ മേശയിൽ ഇരുന്നപ്പോൾ അവിടെ ഭക്ഷണം വിളമ്പാൻ കഴിയില്ലെന്നും തൊട്ടടുത്തുള്ള മറ്റൊരു മേശയിലേക്ക് മാറണമെന്നും പറഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിൽ പ്രകോപിതരായി ബന്ധുക്കളിൽ ചിലർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കേറ്ററിങ് ഉടമ പരിക്കേറ്റ തെക്കിനേത്ത് ജിയോ പറഞ്ഞു. വണ്ടിപ്പെരിയാർ പോലീസ് മേൽനടപടി സ്വീകരിച്ചു.

Exit mobile version