Site icon Fourteen Kerala – 14 Kerala News

ബംഗാളിൽ പുതുചരിത്രമെഴുതി ബിജെപി: സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊൽക്കത്ത: തലസ്ഥാന നഗരിയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വച്ച് പശ്ചിമ ബംഗാളിൻ്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 11.30 ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നനടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

15 വര്‍ഷത്തെ മമതാ ബാനര്‍ജിയുടെ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് സുവേന്ദു മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. 294 അംഗ നിയമസഭയിൽ 207 സീറ്റ് നേടിയായിരുന്നു ബംഗാളിൽ ബിജെപിയുടെ വൻ വിജയം. മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, തൃണമൂൽ കോൺഗ്രസ് വിട്ടാണ് ബിജെപിയിൽ എത്തിയത്.

മമതാ ബാനര്‍ജി രാജിവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി നിയമസഭ പിരിച്ചുവിട്ടിരുന്നു. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരി 2021ലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. 2021ലേയും 2026ലേയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭബാനിപൂരില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അദ്ദേഹം മത്സരിച്ചു വിജയിച്ചിരുന്നു.

2011ല്‍ പശ്ചിമ ബംഗാളില്‍ ഒറ്റ സീറ്റ് പോലും ഇല്ലാതിരുന്ന ബിജെപിയെ 15 വര്‍ഷം കൊണ്ട് 207 സീറ്റ് നേടി അധികാരത്തില്‍ എത്തിക്കുന്നതില്‍ സുവേന്ദു അധികാരിയുടെ പങ്ക് വളരെ വലുതാണ്. 294 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ 80 സീറ്റുകളിലേക്ക് ഒതുക്കാനും ബിജെപിക്ക് ഇക്കുറി സാധിച്ചു.

Exit mobile version