Site icon Fourteen Kerala – 14 Kerala News

തമിഴകത്തെ ഇനി ‘ദളപതി’ നയിക്കും; ഇടതുപക്ഷവും വി.സി.കെയും ഒപ്പം; വിജയ് ഇന്ന് ഗവർണറെ കാണും

ചെന്നൈ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നു. ഇടതുപാർട്ടികളും വി.സി.കെയും പിന്തുണ പ്രഖ്യാപിച്ചതോടെ, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാജിക് നമ്പർ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഉറപ്പിച്ചു. ഇതോടെ തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കമാവുകയാണ്.

സർക്കാർ രൂപവത്കരിക്കാൻ അനുമതി തേടി ഇന്ന് വൈകീട്ട് ആറിന് വീണ്ടും വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കാണും. ഡി.എം.കെ സഖ്യത്തിന്‍റെ ഭാഗമായ സി.പി.ഐ, സി.പി.എം, വി.സി.കെ പാർട്ടികളാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.മൂന്നു പാർട്ടികൾക്കുമായി ആറു എം.എൽ.എമാരാണുള്ളത്. സി.പി.ഐ തങ്ങളുടെ രണ്ടു എം.എൽ.എമാരുടെ പിന്തുണക്കത്ത് കൈമാറി. ടി.വി.കെയിലെ 107 എം.എൽ.എമാരുടെയും കോൺഗ്രസിലെ അഞ്ച് എം.എൽ.എമാരുടെയും ഉൾപ്പെടെ 112 പേരുടെ പിന്തുണ കത്താണ് കഴിഞ്ഞദിവസം വിജയ് ഗവർണർക്ക് കൈമാറിയത്.

എന്നാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഗവർണർ വിജയിയെ തിരിച്ചയച്ചു. 118 പേരുടെ പിന്തുണക്കത്തുമായി വന്നാൽ മാത്രമേ സർക്കാർ രൂപവത്കരിക്കാൻ അനുമതി നൽകൂ എന്ന കടുംപിടിത്തത്തിലായിരുന്നു ഗവർണർ. ഇതോടെയാണ് പിന്തുണ തേടി ചെറു പാർട്ടികളെ സമീപിച്ചത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കണമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നുമായിരുന്നു വിജയ് ഗവർണറോട് അഭ്യർഥിച്ചത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ എം.എൽ.എമാരുടെ പിന്തുണക്കത്തുകളുമായി വരണമെന്നും അതുവരെ മറ്റാരെയും ക്ഷണിക്കില്ലെന്നും ഗവർണർ ഉറപ്പുനൽകിയെന്നും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

Exit mobile version