Site icon Fourteen Kerala – 14 Kerala News

നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിനെതിരെ പരാതിയുമായി മാതാപിതാക്കൾ

ബംഗളൂരു: നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു സ്വദേശി എം ശാരദ (40) ആണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഭർത്താവ് മഹേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ശാരദയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് നടപടി.

എട്ട് മാസം മുമ്പായിരുന്നു ശാരദയുടെയും സ്വകാര്യ കമ്പനി ജീവനക്കാരനായ മഹേഷിന്റെയും വിവാഹം. യശ്വന്ത്പൂരിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബകലഹത്തെത്തുടർന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാത്രി ശാരദയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മഹേഷ് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിന്റെ പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് ശാരദയുടെ മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ യശ്വന്ത്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version