Site icon Fourteen Kerala – 14 Kerala News

യമുനാ നദിയിൽ ബോട്ട് മുങ്ങി അഞ്ച് കുട്ടികളടക്കം ആറ് പേരെ കാണാതായി; മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു

ഹാമിർപൂർ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുനാ നദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി വൻ അപകടം. അപകടത്തിൽ അഞ്ച് കുട്ടികളെയും ഒരു സ്ത്രീയെയും കാണാതായി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കായി എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് സംഘങ്ങൾ സ്ഥലത്തെത്തി ഊർജ്ജിതമായ തെരച്ചിൽ തുടരുകയാണ്.

ഘടംപൂരിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. സാധാരണ മടങ്ങേണ്ട സമയം വൈകിയതിനാലാണ് ഇവർ ചെറിയ ബോട്ടിൽ യാത്ര ചെയ്തതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ഗോയൽ അറിയിച്ചു. ബോട്ട് മറിഞ്ഞതല്ലെന്നും തകരാർ മൂലം വെള്ളം കയറി താഴുകയുമായിരുന്നുവെന്നും രക്ഷപ്പെട്ട ബോട്ട് ഡ്രൈവർ മൊഴി നൽകി. നീന്തൽ അറിയാവുന്നവരാണ് രക്ഷപ്പെട്ടത്. കാണാതായ കുട്ടികൾക്ക് 5 നും 15 നും ഇടയിലാണ് പ്രായം. സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ഉദ്യോഗസ്ഥർ തെരച്ചിൽ തുടരുകയാണ്.

അടുത്തിടെ മധ്യപ്രദേശിലെ ജബൽപൂരിൽ ബാർഗി അണക്കെട്ടിൽ സമാനമായ രീതിയിൽ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചിരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അന്ന് അപകടത്തിൽപ്പെട്ടത്.

Exit mobile version