Site icon Fourteen Kerala – 14 Kerala News

പൂനെയിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി ചാണകക്കൂനയിൽ ഒളിപ്പിച്ചു; 65-കാരൻ പിടിയിൽ

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ നാല് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാണകക്കൂനയിൽ ഒളിപ്പിച്ചു. സംഭവത്തിൽ 65 വയസ്സുകാരനായ കൂലിത്തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭോർ താലൂക്കിലെ നസ്രാപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത നടന്നത്. വേനലവധി ആഘോഷിക്കാൻ മുത്തശ്ശിയുടെ വീട്ടിലെത്തിയ കുരുന്നാണ് മൃഗീയമായി കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഭക്ഷണം വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ സമീപത്തെ തൊഴുത്തിന് അടുത്തുള്ള ഷെഡിലെത്തിക്കുകയായിരുന്നു. ഇവിടെവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ചാണകക്കൂനയ്ക്കടിയിൽ കുഴിച്ചിടുകയായിരുന്നു.

അറസ്റ്റിലായ പ്രതിക്ക് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. 1998-ലും 2015-ലും സമാനമായ കേസുകളിൽ ഇയാൾ പ്രതിയായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയായിരുന്നു. ഇയാൾ സ്ഥിരമായി ഗ്രാമങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ളയാളാണെന്ന് നാട്ടുകാർ പറയുന്നു.സംഭവം പുറത്തറിഞ്ഞതോടെ നസ്രാപൂർ ഗ്രാമം രോഷാകുലരായി. പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. മുംബൈ-ബെംഗളൂരു ഹൈവേ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞു. ശനിയാഴ്ച ഗ്രാമത്തിൽ പൂർണ്ണ ഹർത്താൽ ആചരിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 15 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പൂനെ റൂറൽ എസ്.പി സന്ദീപ് സിംഗ് ഗിൽ പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി. പ്രതിയെ മെയ് 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Exit mobile version