Site icon Fourteen Kerala – 14 Kerala News

ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അപകടം; അമിതവേഗത്തിലെത്തിയ ആഡംബരവാഹനം ഇടിച്ചുതെറിപ്പിച്ചു, യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ കേബിൾ ബ്രിഡ്ജിൽ ഭാര്യയുടെ ചിത്രം പകർത്തവേ യുവാവിനെ അമിതവേഗത്തിലെത്തിയ ആഡംബരവാഹനം ഇടിച്ചുതെറിപ്പിച്ചു. ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽ ഞായറാഴ്ചയാണ് സംഭവം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാംരാജി(32)നെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി. ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽനിന്ന് ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ എടുക്കാനാണ് ശ്യാംരാജ് എത്തിയതെന്നാണ് വിവരം. ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ മേഴ്‌സിഡസ് നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും ശ്യാം രാജിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. അപകടത്തിന് പിന്നാലെ മേഴ്‌സിഡസ് ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാണ്ടം മിനറൽസ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളതാണ് മേഴ്‌സിഡസ് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മധപുർ പോലീസ് പറഞ്ഞു.

Exit mobile version