Site icon Fourteen Kerala – 14 Kerala News

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

വയനാട് മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസിൽ നിന്നാണ് യുവാവ് ലഹരി കലർന്ന അരിഷ്ടം വാങ്ങിയിരുന്നത്. അർജുനാരിഷ്ടം എന്ന പേരിൽ വന്നിരുന്ന അരിഷ്ടത്തെ ഇവർ ധാത്ര്യാരിഷ്ടം എന്ന പേരിലാണ് വിറ്റിരുന്നത്.

അമിതമായി അരിഷ്ടം കുടിച്ചതിനെ തുടർന്ന് രക്തം ഛർദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരളിനെ ഗുരുതരമായി രോഗം ബാധിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും തുടർന്ന് ഇന്ന് പുലർച്ചയോടെ പ്രസാദിന്റെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 50 രൂപയ്ക്കും 100 രൂപയ്ക്കും വിൽക്കുന്ന ഈ അരിഷ്ടത്തിൽ മാരകമായ ലഹരി ഉണ്ടെന്നും ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധത്തെ തുടർന്ന് ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസ് പൊലീസ് ഇടപെട്ട് അടപ്പിച്ചു. കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് വൈകാതെ കടക്കും.

Exit mobile version