Site icon Fourteen Kerala – 14 Kerala News

മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; വാൽപ്പാറ അപകടത്തിൽ ദ്രൗപതി മുർമുവും മല്ലികാർജുൻ ഖർഗെയും അനുശോചിച്ചു

ന്യൂഡല്‍ഹി: വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. ‘ദാരുണമായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയുംവേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്’ രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഖര്‍ഗെ പറഞ്ഞു. റോഡ് സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ദുരന്തം വീണ്ടും അടിവരയിടുന്നതെന്നും ദുരിതബാധിത കുടുംബങ്ങള്‍ക്ക് ഉടനടി നഷ്ടപരിഹാരവും പിന്തുണയും അധികാരികള്‍ ഉറപ്പാക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു.

അപകടത്തില്‍ അനുശോചനവുമായി പി സന്തോഷ് കുമാര്‍ എംപിയും രംഗത്തെത്തി. അങ്ങേയറ്റം ദുഃഖമുണ്ടാക്കിയ സംഭവമാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ സിപിഐ നേതാക്കള്‍ സന്ദര്‍ശിക്കുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. ഡല്‍ഹിയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ട് സര്‍ക്കാരുകളും കൃത്യമായി ഇടപെട്ടിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യും’ സന്തോഷ് കുമാര്‍ എംപി പറഞ്ഞു.

Exit mobile version