Site icon Fourteen Kerala – 14 Kerala News

വാൽപ്പാറയിൽ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർക്ക് ദാരുണാന്ത്യം

പൊള്ളാച്ചി : പൊള്ളാച്ചി- വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.

അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version