Site icon Fourteen Kerala – 14 Kerala News

പൈലറ്റിന്റെ ബാഗിൽ കഞ്ചാവ്; സാൻ ഫ്രാൻസിസ്കോയിൽ പിടിയിലായ എയർ ഇന്ത്യ ഉദ്യോഗസ്ഥനെ നാടുകടത്തി

സാൻ ഫ്രാൻസിസ്കോ: ബാഗിൽ കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യ സഹപൈലറ്റിനെ അമേരിക്കൻ അധികൃതർ തിരിച്ചയച്ചു. ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് ഡ്യൂട്ടിക്കായി യാത്രക്കാരനായി എത്തിയ പൈലറ്റിനെയാണ് വിമാനത്താവളത്തിലെ പരിശോധനയ്ക്ക് പിന്നാലെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഇതോടെ ഇയാൾക്കെതിരെ എയർ ഇന്ത്യ അച്ചടക്ക നടപടി ആരംഭിച്ചു.

ഏപ്രിൽ 14-ന് സാൻ ഫ്രാൻസിസ്കോയിൽ എത്തിയ പൈലറ്റിന്റെ ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ ഇദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അധികൃതർ അനുവദിച്ചില്ല. വിവരമറിഞ്ഞ എയർ ഇന്ത്യ മാനേജ്‌മെന്റ് ഉടൻ തന്നെ ലഭ്യമായ അടുത്ത വിമാനത്തിൽ ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു.
മടക്കയാത്രയ്ക്കുള്ള വിമാനം നിയന്ത്രിക്കേണ്ടിയിരുന്ന പൈലറ്റാണ് പിടിയിലായത്. സംഭവത്തിൽ എയർ ഇന്ത്യ ഡിജിസിഎയ്ക്ക് റിപ്പോർട്ട് നൽകി. നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കമ്പനിയുടേതെന്നും കുറ്റാരോപിതനായ പൈലറ്റിനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നില്ലെന്നും എന്നാൽ കൈവശം വെച്ചത് നിയമലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങൾക്ക് മുമ്പ് മറ്റൊരു എയർ ഇന്ത്യ പൈലറ്റ് മദ്യപിച്ച് വിമാനം നിയന്ത്രിക്കാൻ ശ്രമിച്ചതിന് കാനഡയിൽ പിടിയിലായിരുന്നു.

Exit mobile version