Site icon Fourteen Kerala – 14 Kerala News

അനുമതിയില്ലാത്ത റോഡ് ഷോ: വിജയ്ക്കും പാർട്ടി ഭാരവാഹികൾക്കുമെതിരെ പോലീസ് കേസെടുത്തു

ചെന്നൈ: മുൻകൂർ അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‍ക്കെതിരെ ചെന്നൈ മാമ്പലം പൊലീസ് കേസെടുത്തു. വിജയ്‍യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർത്ഥിയുമായ എൻ ആനന്ദ് (ബുസ്സി ആനന്ദ്), ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഏപ്രിൽ 16 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ മാത്രമാണ് അധികൃതർ അനുമതി നൽകിയിരുന്നത്.

എന്നാൽ ഇത് ലംഘിച്ചുകൊണ്ട് ടി നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് വിജയ് റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു. തുറന്ന വാഹനത്തിൽ വിജയ് എത്തിയതോടെ ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങുകയും ചെന്നൈയുടെ പ്രധാന ഭാഗങ്ങളിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസപ്പെടുകയും ചെയ്തു.

റോഡ് ഷോയിലുടനീളം തൗസൻഡ് ലൈറ്റ്‌സ് സ്ഥാനാർത്ഥി ജെസിഡി പ്രഭാകർ, എഗ്മൂർ സ്ഥാനാർത്ഥി രാജ് മോഹൻ എന്നിവരും വിജയ്‍യെ അനുഗമിച്ചിരുന്നു. ടി. നഗറിലൂടെ വള്ളുവർ കോട്ടം കടന്ന് എഗ്മൂർ വരെയായിരുന്നു ഈ പ്രചാരണ യാത്ര. സർക്കാർ ഉത്തരവ് ലംഘിച്ചതിനടക്കം ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 223 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Exit mobile version