Site icon Fourteen Kerala – 14 Kerala News

പാലക്കാട് ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഒന്നര വയസുകാരി ശ്വാസനാളത്തിൽ പാൽ കുടുങ്ങി മരിച്ചു. അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ പെൺകുഞ്ഞാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ചായിരുന്നു സംഭവം.

അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെൺകുഞ്ഞാണ് മരിച്ചത്. അമ്മ മുലയൂട്ടുന്നതിനിടെ പാൽ ശ്വാസനാളത്തിൽ കുടുങ്ങുകയും കുഞ്ഞ് പെട്ടെന്ന് അബോധാവസ്ഥയിലാവുകയുമായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരുടെയും മറ്റും സഹായത്തോടെ കുഞ്ഞിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ട്രെയിൻ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു കുടുംബം. ഫീഡിങ് റൂമിലിരുന്ന് അമ്മ മുലയൂട്ടുന്നതിനിടെ അബദ്ധത്തിൽ ശ്വാസനാളത്തിൽ പാൽ കുടുങ്ങുകയായിരുന്നു. പാൽ കുടിച്ച ഉടൻ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

Exit mobile version