Site icon Fourteen Kerala – 14 Kerala News

പയ്യന്നൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് എഡിഎം; യോഗം വൈകിട്ട് നാലിന്

പയ്യന്നൂര്‍: പയ്യന്നൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് എഡിഎം. വോട്ടെടുപ്പിന് പിന്നാലെ തുടങ്ങിയ അക്രമസംഭവങ്ങള്‍ക്ക് പയ്യന്നൂരില്‍ ഇപ്പോഴും അറുതിയായിട്ടില്ല. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് എഡിഎം എല്ലാ രാഷ്ട്രീയ പ്രതിനിധികളുടെയും സ്ഥാനാര്‍ത്ഥികളുടെയും യോഗം വിളിച്ചത്. വൈകിട്ട് നാലരയ്ക്ക് പയ്യന്നൂര്‍ താലൂക്ക് ഓഫീസിലാണ് യോഗം ചേരുന്നത്.

പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന വ്യക്തിയുടെ വീടിനുനേരെ വീണ്ടും ആക്രമണമുണ്ടായി. മാതമംഗലം സ്വദേശിയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ കത്തിച്ചു. കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലും മഴമറയും നശിപ്പിച്ചു.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് മാതമംഗലം പേരൂല്‍ സ്വദേശി എം.കെ. നാരായണന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചത്. അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനാണ് നാരായണന്‍.

കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വി. കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ പ്ലോട്ടിന്റെ മതിലും അക്രമികള്‍ തകര്‍ത്തു. അവിടെയുണ്ടായിരുന്ന മഴമറയ്ക്കും തീയിട്ടു. സംഭവത്തിന് പിന്നില്‍ ടി.ഐ. മധുസൂദനനാണെന്ന് യുഡിഎഫ് ആരോപിച്ചു. മിനിഞ്ഞാന്ന് പയ്യന്നൂര്‍ സ്വദേശി പുരുഷോത്തവന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അക്രമികള്‍ കത്തിച്ചിരുന്നു. അതേസമയം, മാധ്യമങ്ങളെ ഉപയോഗിച്ച് കുഞ്ഞികൃഷ്ണന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന് കാണിച്ച് ടിഐ. മധുസൂദനന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version