Site icon Fourteen Kerala – 14 Kerala News

ഭക്ഷ്യവിഷബാധയെന്ന് സംശയം; മരണകാരണം കണ്ടെത്താൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു

അഹമ്മദാബാദ്: ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾക്കായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. അഹമ്മദാബാദ് ചാന്ദ്‌ഖേഡ സ്വദേശി വിമൽ പ്രജാപതിയുടെ മകൾ റാഹയുടെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടത്തിനായി അധികൃതർ പുറത്തെടുത്തത്.

ഏപ്രിൽ നാലിനാണ് കുഞ്ഞ് മരിച്ചത്. ഏപ്രിൽ അഞ്ചിന് കുഞ്ഞിൻ്റെ സഹോദരി മിശ്രിയും മരിച്ചിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഏപ്രിൽ ഒന്നിന് സമീപത്തെ കടയിൽ നിന്ന് വാങ്ങിയ ദോശമാവ് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണമാണ് കുടുംബം കഴിച്ചത്.

റാഹയാണ് ആദ്യം മരിച്ചത്. എന്നാൽ മരണകാരണം വ്യക്തമായിരുന്നില്ല. തൊട്ടുപിന്നാലെ മിശ്രിയും മരിക്കുകയും മാതാപിതാക്കൾ അത്യാസന്ന നിലയിൽ ആശുപത്രിയിലാവുകയും ചെയ്തതോടെയാണ് സംശയം ഉയർന്നത്. ഭക്ഷ്യവിഷബാധയാണോ അതോ മറ്റെന്തെങ്കിലും വിഷാംശം ഉള്ളിൽ ചെന്നതാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ദോശ കഴിച്ചിരുന്നില്ല. കുഞ്ഞിൻ്റെ അമ്മ ദോശ കഴിച്ചിരുന്നു. മുലപ്പാൽ വഴി കുഞ്ഞിലേക്ക് വിഷമെത്തിയോ എന്നാണ് അറിയേണ്ടത്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കടയിൽ നിന്ന് വിറ്റ ദോശമാവിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Exit mobile version