Site icon Fourteen Kerala – 14 Kerala News

പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; കണ്ണൂരിൽ വൈകിട്ട് ആറ് മുതൽ നിരോധനാജ്ഞ

കണ്ണൂർ: ഇരുപത്തിയഞ്ച് ദിവസത്തോളം നാടിളക്കിയുള്ള പരസ്യപ്രചാരണം അവസാനിപ്പിക്കാൻ ഏതാനം മണിക്കൂറുകൾ ബാക്കിനിൽക്കെ കൊട്ടിക്കലാശത്തിനൊരുങ്ങി മുന്നണികൾ. മൂന്ന് മുന്നണികൾക്കിടയിൽ കൊണ്ടുംകൊടുത്തും കൊടുമ്പിരിക്കൊണ്ട പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറ് മണിയോടെ അവസാനിക്കും.

തുടർന്ന് വൈകുന്നേരം ആറ് മുതൽ വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച അർധരാത്രി 12 വരെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 163-ാം വകുപ്പ് പ്രകാരം അനധികൃത ആൾക്കൂട്ടങ്ങൾ, പൊതുയോഗങ്ങൾ എന്നിവക്ക് വിലക്കേർപ്പെടുത്തിയാണ് കലക്ടറുടെ ഉത്തരവ്.വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപരവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയതായും കലക്ടർ അറിയിച്ചു. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ കണ്ണൂർ ജില്ലയിൽ 37 കമ്പനി കേന്ദ്ര സേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

കൂടാതെ ജില്ലയിലെ 771 പ്രശ്നസാധ്യതാ ബൂത്തുകളിലും കേന്ദ്ര സേനയുൾപ്പെടെയുള്ള പ്രത്യേക സംഘത്തിന്റെ സുരക്ഷയുണ്ടാകും. പൊലീസിന് പുറമെ 493 സൂക്ഷമ നിരീക്ഷകരെയും വിവിധ പ്രശ്നബാധിത ബൂത്തുകളിൽ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷ സാധ്യത മുന്നിൽകണ്ട് പലയിടങ്ങളിലും പൊലീസ് ഇടപെട്ട് കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. മുൻകാലങ്ങളിലൊന്നുമില്ലാത്തവിധം പി.ആർ, സൈബർ കാമ്പയിനുകളിലൂന്നിയുള്ള പ്രചാരണങ്ങളാണ് ഇത്തവണ ദൃശ്യമായത്. ആരോപണങ്ങളും മറുപടികളും പ്രത്യാരോപണങ്ങളുമായി സൈബറിടം പ്രധാന പോർനിലമായ തെരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ് ഇത്തവണ.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിന് രാഷ്ട്രീയ പാർട്ടികൾക്ക് വിവിധ സ്ഥലങ്ങൾ ക്രമീകരിച്ചു നൽകിയിട്ടുണ്ട്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസും മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Exit mobile version