Site icon Fourteen Kerala – 14 Kerala News

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; പെൺകുട്ടികൾ ജനിച്ചത് മുതൽ തുടങ്ങിയ കുടുംബ കലഹമെന്ന് പൊലീസ്

ഹൈദരാബാദ്: നാല് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ അച്ഛൻ കൊലപ്പെടുത്തി. തെലങ്കാനയിലെ കരിംനഗറിൽ കുടുംബ കലഹത്തെ തുടർന്നാണ് സംഭവം. കരിംനഗർ റൂറൽ ജൂബിലി നഗർ സ്വദേശിയായ കച്ചു ശ്രീശൈലമാണ് മക്കളായ ഗീതാൻഷിയെയും ഗീതാൻവികയെയും ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

ആറ് വർഷം മുമ്പാണ് ശ്രീശൈലം മൗനികയെ വിവാഹം കഴിച്ചത്. തനിക്ക് ആൺകുട്ടികൾ ജനിക്കാത്തതിൽ ഇയാൾ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടികൾ ജനിച്ചത് മുതൽ ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു.
വെള്ളിയാഴ്ചയും വീട്ടിൽ തർക്കമുണ്ടായി. തുടർന്ന് ശ്രീശൈലം കുട്ടികളെ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയുള്ള കിണറ്റിലേക്ക് കുട്ടികളെ എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

തിരച്ചിലിൽ ഗീതാൻഷിയുടെ മൃതദേഹം ആദ്യം കിണറ്റിൽ നിന്ന് കണ്ടെടുത്തു. രണ്ടാമത്തെ കുട്ടിക്കായി വിദഗ്ധ നീന്തൽ തൊഴിലാളികളുടെ സഹായത്തോടെ മണിക്കൂറുകളോളം തെരച്ചിൽ നടത്തി. അതിനു ശേഷമാണ് ഗീതാൻവികയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടികളെ കിണറ്റിലെറിയുന്നതിന് മുമ്പ് വിഷം നൽകിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് കരിംനഗർ റൂറൽ സർക്കിൾ ഇൻസ്പെക്ടർ എ നിരഞ്ജൻ റെഡ്ഡി പറഞ്ഞു.

നാട്ടുകാർ ശ്രീശൈലത്തെ പിടികൂടി മർദിക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. അസിസ്റ്റന്റ് കമ്മീഷണർ വിജയ് കുമാർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തെളിവെടുപ്പിനെ എത്തിക്കുമ്പോൾ പ്രതിക്കെതിരായി ജനരോഷം ഉണ്ടാവാനിടയുള്ളതിനാൽ പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Exit mobile version