Site icon Fourteen Kerala – 14 Kerala News

ഭർത്താവ് തൂങ്ങിമരിച്ച കാഴ്‌ചകണ്ട് ഭാര്യ 17-ാം നിലയിൽ നിന്ന് ചാടി മരിച്ചു; ടെക്കി ദമ്പതികളുടെ മരണത്തിൽ അന്വേഷണം

ബംഗളൂരു: ഭർത്താവ് ആത്മഹത്യ ചെയ്‌ത കാഴ്‌ച കണ്ടതിന് പിന്നാലെ ഭാര്യ അപ്പാർട്ട്‌മെന്റിൽ നിന്ന് ചാടി മരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശികളും സോഫ്‌റ്റ്‌വെയർ എഞ്ചിനിയറുമായ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. പ്രമുഖ ടെക് കമ്പനിയായ ഐബിഎമ്മിലാണ് ബിബി ജോലി ചെയ്‌തിരുന്നത്.

ബിബി ഇന്നലെ ജോലി കഴിഞ്ഞ് അപ്പാർട്ട്‌മെന്റിലെത്തിയപ്പോൾ മുറിയുടെ വാതിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. ആവർത്തിച്ച് വാതിലിൽ മുട്ടിയിട്ടും ഭർത്താവിന്റെ പ്രതികരണമൊന്നും ഇല്ലാതെ വന്നതോടെ ബിബി ഇക്കാര്യം അയൽക്കാരെയും പൊലീസിനെയും അറിയിച്ചു. അയൽക്കാരെത്തി ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ ഭാനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കാഴ്‌ച കണ്ട ബിബി നിമിഷങ്ങൾക്കകം കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചു.

തെലങ്കാനയിലെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്ന് പരിശോധിക്കും. ദമ്പതികൾ ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ അനുഭവിച്ചിരുന്നോ എന്നും പരിശോധിക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version