Site icon Fourteen Kerala – 14 Kerala News

വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ റിലേഷൻഷിപ്പ് കുറ്റകരമല്ല’ – അലഹബാദ് ഹൈക്കോടതി

അലഹബാദ്: വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീയുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്നത് കുറ്റകരമല്ലെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. സമൂഹത്തിന്റെ ധാർമ്മികതയുടെ അളവുകോൽ വെച്ച് പൗരാവകാശങ്ങൾ അളക്കാനാകില്ലെന്നാണ് ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന തരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

ലിവ് ഇൻ റിലേഷിപ്പിലുള്ള അനാമിക എന്ന യുവതി ഈ ബന്ധത്തെ എതിർക്കുന്ന തന്റെ കുടുംബത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിക്കവേയാണ് വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നതിനെ കുറിച്ചുള്ള നിയമവശം കോടതി വ്യക്തമാക്കിയത്.

ഹർജിക്കാരിയായ യുവതിക്കൊപ്പമുള്ള പുരുഷൻ വിവാഹിതനായതിനാൽ മറ്റൊരു സ്ത്രീക്കൊപ്പം ഇയാൾ കഴിയുന്നത് കുറ്റകരമാണ് എന്നായിരുന്നു യുവതിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്. ഈ വാദത്തിനിടെയാണ് സാമൂഹ്യ ധാർമ്മികതയും നിയമവും വ്യത്യസ്തമാണെന്ന് കോടതി നിരീക്ഷിച്ചത്. പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ധാർമ്മികത മുൻനിർത്തി പൗരാവകാശം സംരക്ഷിക്കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അനാമികയെ തട്ടിക്കൊണ്ട് പോയതാണെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് നേത്രാപാൽ എന്ന വ്യക്തിക്കൊപ്പം താമസിക്കുന്നത് എന്നും ഷാജഹാൻപൂർ എസ് പിയ്ക്ക് യുവതി എഴുതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് നേത്രപാലിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തെയും കോടതി തടഞ്ഞു.
തങ്ങളെ കൊലപ്പെടുത്തുമെന്ന് കുടുംബം ഭീഷണിപ്പെടുത്തിയതായും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്നും കാണിച്ച് യുവതി നൽകിയ പരാതിയിൽ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന് പൊലീസിനോട് കോടതി ചോദിച്ചു.

ഒരുമിച്ച് ജീവിക്കുന്നവരെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ കടമയാണെന്ന് പറഞ്ഞ കോടതി ഇവരുടെ സംരക്ഷണം ഷാജഹാൻപൂർ എസ് പിയുടെ ഉത്തരവാദിത്തമായിരിക്കും എന്നും വ്യക്തമാക്കി. അനാമികയുടെ കുടുംബം ഇവരുടെ വീട്ടിൽ ഇനി പ്രവേശിക്കരുതെന്നും ഇവരെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും കൂടി വിധിച്ചു.

Exit mobile version