Site icon Fourteen Kerala – 14 Kerala News

സഞ്ജുവിന്റെ ആരാധകർക്ക് സിഎസ്‌കെയുടെ ആദ്യ സർപ്രൈസ്, ബാറ്റിങ്ങിൽ വമ്പൻ അഴിച്ചുപണി, ഉറപ്പുനൽകി ക്യാപ്‌റ്റൻ

ഐപിഎൽ 2026-ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശം പകരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വരാനിരിക്കുന്ന സീസണിൽ ചെന്നൈയുടെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുന്നത് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദും മലയാളി താരം സഞ്ജു സാംസണും ചേർന്നായിരിക്കും. മുംബൈയിൽ നടന്ന ഐപിഎൽ ക്യാപ്റ്റന്മാരുടെ സംഗമത്തിനിടയിലാണ് റുതുരാജ് ഇക്കാര്യം വെളിപ്പെടുത്തിയായത്.

കഴിഞ്ഞ സീസണുകളിൽ ഓപ്പണിംഗിൽ നേരിട്ട തിരിച്ചടികൾക്ക് പരിഹാരമായാണ് റുതുരാജ്-സഞ്ജു സഖ്യത്തെ സിഎസ്കെ കളത്തിലിറക്കുന്നത്. കഴിഞ്ഞ വർഷം ഗെയ്‌ക്‌വാദ് മൂന്നാം നമ്പറിലേക്ക് മാറിയും രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി എന്നിവരെ പരീക്ഷിച്ചും സിഎസ്കെ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു.
ഇത്തവണ അയുഷ് മാത്രെ, സർഫറാസ് ഖാൻ തുടങ്ങിയ യുവതാരങ്ങൾ ടീമിലുണ്ടെങ്കിലും അനുഭവസമ്പത്തിന് മുൻഗണന നൽകാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. റിതുവും സഞ്ജുവും എന്നായിരുന്നു ഓപ്പണിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗെയ്‌ക്‌വാദിന്റെ ലളിതമായ മറുപടി.

ടി20 ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പണറുടെ റോളിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് സഞ്ജു സാംസൺ ചെന്നൈ പാളയത്തിലെത്തുന്നത്. പരിക്കിനെത്തുടർന്ന് ഭാഗികമായി നഷ്ടമായ 2025 സീസണിന് ശേഷം, 2026-ൽ ഒരു പുതിയ ആവേശത്തോടെയാണ് റിതു എത്തുന്നത്. ഇത്തവണ സഞ്ജു സാംസണൊപ്പം ചേർന്ന് ചെന്നൈയുടെ ആറാം കിരീടത്തിനായി പട നയിക്കാൻ ഒരുങ്ങുകയാണ് ഈ താരം.മാർച്ച് 30-ന് രാജസ്ഥാൻ റോയൽസിനെതിരെ ഗുവാഹത്തിയിലാണ് ചെന്നൈയുടെ ആദ്യ മത്സരം. തന്റെ പഴയ ടീമിനെതിരെ സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങുന്നു എന്നതും ഈ മത്സരത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്നു.

Exit mobile version