Site icon Fourteen Kerala – 14 Kerala News

സീറ്റില്ല, യു.ഡി.എഫിനെതിരെ തുടർനീക്കത്തിന് സി.കെ. ജാനു

കൽപറ്റ: യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമായിട്ടും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) തുടർനീക്കത്തിന്.

2016‍ മുതൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമായിരുന്ന മുത്തങ്ങ സമരനായികയായ ജാനു കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മുന്നണി വിട്ടത്. കഴിഞ്ഞ ഡിസംബറിൽ ജാനുവിനെയും പി.വി. അൻവറിനെയും യു.ഡി.എഫ് അസോസിയേറ്റ് അംഗങ്ങളാക്കി. ഇത്തവണ അൻവറിന് ബേപ്പൂരിൽ സീറ്റ് അനുവദിച്ചു.
ഏറെ മുമ്പേ തന്നെ മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങൾ നൽകണമെന്ന് ജാനു ആവശ്യപ്പെട്ടിരുന്നുവെങ്കിലും കിട്ടിയില്ല. ഇതോടെയാണ് വരുന്ന 22ന് എറണാകുളത്ത് ജെ.ആര്‍.പിയുടെ കൺവെൻഷൻ വിളിച്ചുചേർത്ത് തുടർനീക്കം നടത്താൻ സി.കെ. ജാനു തീരുമാനിച്ചത്.

സ്വതന്ത്രയായി മത്സരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും കൺവെൻഷനിൽ പ്രവർത്തകരുടെ അഭിപ്രായം കേട്ട് അതനുസരിച്ച് തീരുമാനം എടുക്കേണ്ടിവരുമെന്നും ജാനു പറഞ്ഞു. ഒരേ സമയം മുന്നണിയുടെ ഭാഗമായ അൻവറിനുള്ള പരിഗണന തങ്ങൾക്ക് ലഭിക്കാത്തത് അവഗണന തന്നെയാണ്. സീറ്റുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ഫോണിൽ വിളിച്ചുപോലും അഭിപ്രായം തേടിയില്ലെന്നും സാമാന്യ ജനാധിപത്യ മര്യാദ കാണിച്ചില്ലെന്നും ജാനു കുറ്റപ്പെടുത്തി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജാനുവിന് 27,920 വോട്ട് ലഭിച്ചിരുന്നു. എന്നാൽ, 2021ൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ 15,198 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. 2003 ഫെബ്രുവരി 19ന് യു.ഡി.എഫ് ഭരണകാലത്താണ് ജാനുവിന്റെ നേതൃത്വത്തിൽ മുത്തങ്ങ ആദിവാസി ഭൂസമരം നടന്നതും ഭരണകൂടം വെടിവെപ്പടക്കം നടത്തി സമരത്തെ നേരിട്ടതും.

Exit mobile version