Site icon Fourteen Kerala – 14 Kerala News

കോഫിസ്റ്റോറിൽ പട്ടാപ്പകൽ വീണ്ടും കടുവ; പശുവിന്റെ കഴുത്തിൽ കടിച്ചു, 3 മാസത്തിനിടെ 21 പശുക്കളെ കൊന്നു

മറയൂർ: മൂന്നാർ കോഫിസ്റ്റോറിൽ ഭീതിപരത്തി, വീണ്ടും കടുവ. പട്ടാപ്പകൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ പശുവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.ചൊവ്വാഴ്ച രാവിലെ 11.30-നാണ് സംഭവം. പ്രദേശവാസിയായ മണികണ്ഠന്‍റെ പശുവിനെയാണ് പുതിയ ലയത്തിനു സമീപത്ത് കടുവ ആക്രമിച്ചത്. കഴുത്തിനാണ് കടിച്ചത്. വാഹനം വരുന്ന ശബ്ദംകേട്ടപ്പോൾ പശുവിനെ വിട്ട് കടുവ തേയിലത്തോട്ടത്തിലേക്ക് ഓടിപ്പോയി.

കഴിഞ്ഞദിവസം പാമ്പൻമലയിലെ സതീഷിന്റെ പശുവിനെയും കിടാവിനെയും കടുവ കടിച്ചുകൊന്നിരുന്നു. മൂന്നു മാസത്തിനകം തേയിലത്തോട്ടം തൊഴിലാളികളുടെ 21 പശുക്കളാണ് കോഫിസ്റ്റോർ, ചട്ടമൂന്നാർ, പാമ്പൻമല ഭാഗങ്ങളിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

തോട്ടം തൊഴിലാളികൾക്ക് തുച്ഛമായ വരുമാനമാണ് കിട്ടുന്നത്. പശുവിനെ വളർത്തിയാണ് അവർ വീട്ടുചെലവുകൾക്കും മറ്റും വരുമാനംകണ്ടെത്തുന്നത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മിക്കതും കറവയുള്ള പശുവാണ്. പലരുടെയും വരുമാനം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. നഷ്ടപരിഹാരം പര്യാപ്തമല്ല. ശക്തമായി പ്രതിഷേധിച്ചാൽമാത്രം കിട്ടും. അല്ലെങ്കിൽ കിട്ടില്ല. പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് തേയിലത്തോട്ടം തൊഴിലാളികൾ.

Exit mobile version