Site icon Fourteen Kerala – 14 Kerala News

കേരള ക്രിക്കറ്റിന് പുത്തൻ കുതിപ്പ്: മംഗലപുരം അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: മംഗലപുരത്തെ കായികപ്രേമികൾക്ക് ആവേശം പകർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ (കെ.സി.എ) പുതിയ സ്റ്റേഡിയം സജ്ജമാകുന്നു. മുല്ലശ്ശേരിയിൽ 10 ഏക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അത്യാധുനികമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ, രാത്രികാല മത്സരങ്ങൾക്കായി മികച്ച ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവ ഉൾക്കൊള്ളുന്ന കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം എന്ന പ്രത്യേകതയും ഇതിനുണ്ട്.കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനാണ് സ്റ്റേഡിയത്തിലെ അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്യുന്നത്. സിഗ്നിഫൈ (ഫിലിപ്സ്) കമ്പനി നിർമ്മിച്ച ഈ വെളിച്ച സംവിധാനങ്ങൾ മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ്റെ നേതൃത്വത്തിൽ ബി.സി.സി.ഐ കൺസൾട്ടൻ്റുകളുടെ മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത്.

ആർക്കിടെക്ട് ഷിബു അബൂസലിയാണ് ഈ മനോഹരമായ സ്റ്റേഡിയത്തിൻ്റെ രൂപരേഖ തയ്യാറാക്കിയത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഭാവി വികസന പ്രവർത്തനങ്ങൾക്കും തുടക്കമാകും. രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായുള്ള കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും, അത്യാധുനിക ഇൻഡോർ പരിശീലന കേന്ദ്രത്തിൻ്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആർ. അനിലും നിർവഹിക്കും.

കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-കായിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മംഗലപുരം മാതൃകയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മികച്ച സ്റ്റേഡിയങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, ഇത് കായിക താരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുമെന്നും കെ.സി.എ ഭാരവാഹികൾ വ്യക്തമാക്കി.

Exit mobile version