Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിനി യുവതിക്കും യുവാവിനും ദാരുണാന്ത്യം

സുൽത്താൻബത്തേരി: ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂർ 67-ൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടിൽ അംനത്ത്(25) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂർ പാലത്തിന് സമീപമായിരുന്നു അപകടം. കർണാടക ഭാഗത്തേക്ക് പോകുന്ന ലോറിയും മുത്തങ്ങ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ ലോറിയുടെ മുൻവശത്ത് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ബത്തേരി പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ദുബായിലായിരുന്ന ഫായിസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അംനത്തിന്റെ രണ്ടാംവിവാഹം ഫായിസുമായി നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

മുഹമ്മദ് ഫായിസിന്റെ പിതാവ്: മൊയ്തീൻ. മാതാവ്: സൽമത്ത്. സഹോദരങ്ങൾ: തസ്‌ലിം, തെസ്‌നി. അംനത്തിന്റെ പിതാവ്: പരേതനായ ആലിക്കോയ. മാതാവ്: സൈനബ. മകൻ: ഹിഷാം ഹാലിം. ബന്ധുക്കളെത്തിയശേഷം മൃതദേഹപരിശോധന നടത്തി വ്യാഴാഴ്ചയാകും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുനൽകുക.

Exit mobile version