Site icon Fourteen Kerala – 14 Kerala News

ലക്ഷ്യം 2027 ലോകകപ്പ്; ഗൗതം ഗംഭീറിന്റെ മാസ്റ്റർ പ്ലാനിൽ സഞ്ജു സാംസണും ഇടംപിടിച്ചേക്കും

മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിർത്തിയതിന്റെ ആവേശത്തിന് പിന്നാലെ, 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള കൃത്യമായ പദ്ധതികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ഇന്ത്യൻ ടീം.
മാർച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎൽ സീസണിന് ശേഷം ലോകകപ്പിനായുള്ള ടീമിന്റെ കൃത്യമായ രൂപരേഖ തയ്യാറാക്കുമെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി 25 മുതൽ 30 വരെ ഏകദിന മത്സരങ്ങൾ ഇന്ത്യ കളിക്കുമെന്നും, ഈ മത്സരങ്ങളിലൂടെ മികച്ച ടീം കോമ്പിനേഷൻ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ചർച്ചയാകുമ്പോൾ മലയാളി താരം സഞ്ജു സാംസണിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള വാദങ്ങളും ശക്തമാവുകയാണ്. ടി20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റണ്‍സ് നേടി തിളങ്ങിയ സഞ്ജുവിന്റെ ഐപിഎല്ലിലെ പ്രകടനം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം എന്നാണ് സൂചന.ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന ഗംഭീറിന്റെ വാക്കുകൾ സഞ്ജുവിന് പ്രതീക്ഷ നൽകുന്നതാണ്. 2023-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിനത്തിൽ താരം സെഞ്ച്വറി നേടിയിരുന്നു എന്നതും അവിടെ സഞ്ജുവിനുള്ള മികച്ച റെക്കോർഡും അദ്ദേഹത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.

നിലവിൽ കെ.എൽ. രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറെങ്കിലും, ഗൗതം ഗംഭീറിന് സഞ്ജുവിനോടുള്ള താൽപ്പര്യം ടീമിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാം. സഞ്ജുവിനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലും സജീവമാണ്.വരാനിരിക്കുന്ന ഏകദിന മത്സരങ്ങളെ ടീം മാനേജ്‌മെന്റ് എങ്ങനെ വിനിയോഗിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും സഞ്ജു ഉൾപ്പെടെയുള്ള താരങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങൾ.

Exit mobile version