Site icon Fourteen Kerala – 14 Kerala News

വാംഖഡെയിൽ തീപാറും പോരാട്ടം; ടി20 ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

മുംബൈ: മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ആവേശകരമായ സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നു. ടി20 ലോകകപ്പിന്റെ ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടിറങ്ങുന്ന ഇരു ടീമുകളും രാത്രി ഏഴ് മണിക്കാണ് നേർക്കുനേർ വരുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്ക, നമീബിയ, പാകിസ്ഥാൻ, നെതർലൻഡ്‌സ് എന്നിവരെ തകർത്ത് തകർപ്പൻ ഫോമിലാണ് ഇന്ത്യ സെമിയിലെത്തുന്നത്. സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടെങ്കിലും സിംബാബ്‌വെ, വെസ്റ്റിൻഡീസ് എന്നിവർക്കെതിരെ വിജയം നേടി ഇന്ത്യ കരുത്ത് തെളിയിച്ചിട്ടുണ്ട്.
മറുവശത്ത് നേപ്പാൾ, സ്കോട്ട്‌ലൻഡ്, ഇറ്റലി എന്നിവരെ ഗ്രൂപ്പ് ഘട്ടത്തിലും, ശ്രീലങ്ക, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നിവരെ സൂപ്പർ 8 ലും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് യോഗ്യത നേടിയത്.
ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇത് മൂന്നാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മുൻപ് നടന്ന രണ്ട് മത്സരങ്ങളിൽ ഓരോ ജയം വീതം നേടി ഇരുവർക്കും തുല്യശക്തികളാണ്. 2022-ലെ ലോകകപ്പ് സെമിയിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യയെ തോൽപ്പിച്ച ഇംഗ്ലണ്ടിന് 2024-ൽ ഗയാനയിൽ വെച്ച് ഇന്ത്യ മധുരപ്രതികാരം നൽകിയിരുന്നു.

രോഹിത് ശർമ്മയുടെ അർദ്ധസെഞ്ച്വറിയും ബൗളർമാരുടെ പ്രകടനവുമാണ് അന്ന് ഇന്ത്യയെ ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ചത്. ഇത്തവണത്തെ ടീമിലും ഇംഗ്ലണ്ടിനെതിരായ മുൻ പോരാട്ടങ്ങളിൽ തിളങ്ങിയ ഹർദിക് പാണ്ഡ്യയും അക്സർ പട്ടേലും ഉൾപ്പെട്ടിട്ടുണ്ട്.സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ, ജസ്പ്രിത് ബുമ്ര തുടങ്ങിയ കരുത്തുറ്റ താരങ്ങളുമായാണ് ഇന്ത്യ ഇന്ന് മൈതാനത്തിറങ്ങുന്നത്.

Exit mobile version