Site icon Fourteen Kerala – 14 Kerala News

പ്രതിഷേധത്തിന് എത്തിയവരോട് കുശലം പറഞ്ഞ് ചാണ്ടി ഉമ്മൻ, ബിജെപി സമരത്തിനിടെ നാടകീയ സംഭവങ്ങൾ

പുതുപ്പള്ളി: കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. പ്രതിഷേധ മാർച്ചുമായി എത്തിയ ബിജെപി നേതാക്കൾക്ക് ചാണ്ടി ഉമ്മൻ ഹസ്തദാനം നൽകിയതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പുതുപ്പള്ളിയിലെ വികസനമുരടിപ്പ് ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.

എംഎൽഎ ഓഫീസിന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം പിരിയാൻ തുടങ്ങവേ ആണ് ഓഫീസിൽ നിന്ന് ചാണ്ടി ഉമ്മൻ ഇറങ്ങിവന്നത്. ബിജെപി നേതാവിനും മറ്റുള്ളവർക്കും ചാണ്ടി ഉമ്മൻ ഹസ്തദാനം നൽകി സൗഹൃദ സംഭാഷണവും ആരംഭിച്ചു.

ചാണ്ടി ഉമ്മൻ ഈ രീതിയിൽ പെരുമാറിയതോടെ പ്രതിഷേധക്കാരും തിരിച്ച് ചിരിച്ചുകൊണ്ട് സംസാരിക്കുകയും കൈകൊടുക്കുകയും ചെയ്തു. പക്ഷെ കൂട്ടത്തിലുണ്ടായിരുന്ന ചിലർക്ക് ഇത് അംഗീകരിക്കാനായില്ല. നാണംകെട്ട പണിക്ക് നിൽക്കരുത് എന്ന് ബിജെപി പ്രവർത്തകരിൽ ഒരാൾ പറഞ്ഞു. ഇത് കേട്ടതോടെ ചിലർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വീണ്ടും വിളിച്ചു. ചെറിയ തോതിലുള്ള തർക്കമുണ്ടായെങ്കിലും പൊലീസ് അതിവേഗം ഇടപെട്ടു.

ഇതിനിടയിൽ ബിജെപിയിൽ നേതാക്കളും അനുയായികളും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതായും വീഡിയോയിൽ കാണാം. ചാണ്ടി ഉമ്മനോട് സൗഹൃദത്തോടെ സംസാരിച്ചതിലായിരുന്നു ചിലർക്ക് അഭിപ്രായവ്യത്യാസം. എന്നാൽ ഇങ്ങോട്ട് സംസാരിക്കാൻ വന്ന ചാണ്ടി ഉമ്മനോട് തിരിച്ച് ആക്രോശിക്കേണ്ടതില്ലെന്നാണ് മറ്റുള്ളവരുടെ വാദം.

Exit mobile version