Site icon Fourteen Kerala – 14 Kerala News

പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന നടത്തിയ രണ്ട് കച്ചവടക്കാർ പിടിയിൽ

മുംബൈ: വിൽപ്പനയ്ക്കുവച്ചിരുന്ന പഴവർഗങ്ങളിൽ എലിവിഷം പുരട്ടിയ കച്ചവടക്കാർ പിടിയിൽ. മുംബയിലെ മാലഡ് പ്രദേശത്തെ ഒരു ലോക്കൽ മാർക്കറ്റിലായിരുന്നു സംഭവം. മനോജ് കുമാർ കേസർവാനി, ബിപിൻ കേസർവാനി എന്നിവരെയാണ് അറസ്​റ്റ് ചെയ്തത്.ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനുപിന്നാലെയാണ് പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചത്. മാലഡ് പ്രദേശവാസിയായ കുനാൽ സലുങ്കെ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. പ്രതികളുടെ കടകളും പൂട്ടിപ്പിച്ചു.

വിൽപ്പനയ്ക്കായി വയ്ക്കുന്ന പഴവർഗങ്ങളിൽ എലിവിഷം പുരട്ടുന്നത് പൊതുജനാരോഗ്യത്തിന് വലിയ തരത്തിൽ ഭീഷണിയുണ്ടാകുമെന്നും കുനാൽ സലുങ്കെ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പുറത്തുവന്ന വീഡിയോയിൽ കച്ചവടക്കാരൻ തന്റെ കൈയിലിരുന്ന എലിവിഷം പഴത്തിൽ പുരട്ടുന്നത് കാണാം. പഴങ്ങൾ നശിച്ചുപോയെന്ന് പറഞ്ഞാണ് അയാൾ വിഷം പുരട്ടുന്നത്. ഇത് കണ്ടുനിന്ന മ​റ്റൊരാൾ കച്ചവടക്കാരനെ തടയാൻ ശ്രമിക്കുന്നുണ്ട്.

ഈ പഴങ്ങൾ കുട്ടികൾ കഴിക്കുന്നതല്ലേയെന്നും അല്ലേയെന്നും എന്താണ് ചെയ്യുന്നതെന്നും അയാൾ കച്ചവടക്കാരനോട് ചോദിക്കുന്നുണ്ട്. ശേഷം അയാൾ അവിടെ കച്ചവടത്തിനുവച്ചിരുന്ന ഒരു മാതളം കാണിക്കുന്നുണ്ട്. ഇതിൽ എലിവിഷം നന്നായി പുരട്ടിയിട്ടുണ്ടെന്നും ആരോപിക്കുന്നുണ്ട്.
ഈ വീഡിയോ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരിക്കുകയാണ്. ലോക്കൽ മാർക്ക​റ്റുകളിൽ നിന്ന് എന്ത് വിശ്വസിച്ച് പഴവർഗങ്ങൾ വാങ്ങുമെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം, പഴങ്ങൾ കേടാകാതിരിക്കാനും മ​റ്റുജീവികൾ പഴങ്ങൾ നശിപ്പിക്കാതിരിക്കാനുമാണ് എലിവിഷം പുരട്ടിയതെന്ന് പ്രതികളിലൊരാൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

Exit mobile version