Site icon Fourteen Kerala – 14 Kerala News

മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 13 വർഷം സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.

ഈ മാസം ഒന്നാംതീയതി മുതൽ ചെന്നൈയിലെ രാജീവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധയ്ക്ക് പുറമെ വൃക്കസംബന്ധമായ തകരാറുകളും സംഭവിച്ചിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

15-ാം വയസിൽ കമ്യൂണിസ്റ്റ് പാർടി അം​ഗമായ നല്ലകണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു. തമിഴ്നാട്ടിൽ കർഷകപ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണ് ജനിച്ചത്. ചെറുപ്പം മുതലേ ദേശസ്‌നേഹം വെച്ചുപുലർത്തുകയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

സാമൂഹികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം ജീവിതകാലം മുഴുവൻ പോരാടി. ജാതി കലാപങ്ങൾക്കെതിരെ പദയാത്ര നടത്തിയിട്ടുണ്ട്. എട്ടു പതിറ്റാണ്ടിലേറെ നീണ്ട തന്റെ പൊതുജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യവും സാമൂഹ്യനീതിയും സ്ഥാപിക്കുന്നതിനുള്ള സമരങ്ങൾക്കുംവേണ്ടി അദ്ദേഹം സമർപ്പിക്കുകയായിരുന്നു. ലളിതജീവിതംകൊണ്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾകൊണ്ടും ഏറെ ജനകീയനായിരുന്നു നല്ലകണ്ണ്. 1999ൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.

Exit mobile version