Site icon Fourteen Kerala – 14 Kerala News

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

തൃശ്ശൂർ: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ പി വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്.

പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇക്കാര്യം സ്വന്തം മൊബൈൽ ഫോണിൽ പരാതിക്കാരൻ റെക്കോർഡ് ചെയ്തു. 5 ലക്ഷം രൂപ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷം നൽകണമെന്നായി വില്ലേജ് ഓഫീസർ.

അതും ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശ്ശൂർ വിജിലൻസിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.

രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകൾ കൈമാറുകയായിരുന്നു. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പ്രതിയെ പിടികൂടുകയും ചെയ്തു. ഇക്കൊല്ലം തൃശൂർ വിജിലൻസ് പിടികൂടുന്ന ആദ്യത്തെ കൈക്കൂലി കേസാണിത്. കഴിഞ്ഞ കൊല്ലം 7 ഉദ്യോഗസ്ഥരെ കൈക്കൂലിയുമായി വിജിലൻസ് സംഘം പിടികൂടിയിരുന്നു.

Exit mobile version