Site icon Fourteen Kerala – 14 Kerala News

സ്റ്റേഡിയം ഒരുങ്ങി, പക്ഷേ മെസി എത്തുമോ? കൊച്ചിയിൽ അനിശ്ചിതത്വം തുടരുന്നു; അർജന്റീന ടീം മാർച്ചിൽ ഖത്തറിലേക്ക്

കൊച്ചിയിലെ കായികപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലയണൽ മെസിയുടെ സന്ദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായെങ്കിലും മെസി എത്തുമോ എന്ന കാര്യത്തിൽ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല.

സ്റ്റേഡിയത്തിലെ ടർഫ്, സീറ്റുകൾ, കമാനം, ചുറ്റുമതിൽ തുടങ്ങിയ മിനുക്കുപണികൾ പൂർത്തിയായെന്നും ശേഷിക്കുന്ന ജോലികൾ ജിസിഡിഎ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, നവീകരണത്തിനായി ചെലവായ തുകയെച്ചൊല്ലിയും അവ്യക്തത നിലനിൽക്കുന്നുണ്ട്.
70 കോടി രൂപ ചെലവായെന്ന് സ്പോൺസർമാർ അവകാശപ്പെടുന്നുണ്ടെങ്കിലും, വിശദമായ ഓഡിറ്റിംഗിന് ശേഷം മാത്രമേ കൃത്യമായ കണക്ക് പുറത്തുവിടൂ എന്നാണ് ജിസിഡിഎ നിലപാട്. മാർച്ചിൽ അർജന്റീന ടീം കേരളത്തിലെത്തുമെന്ന് നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും പുതിയ റിപ്പോർട്ടുകൾ ആരാധകർക്ക് നിരാശ നൽകുന്നതാണ്.

മാർച്ച് മാസത്തിലെ ഫിഫ വിൻഡോയിൽ അർജന്റീന ഖത്തറിലെ മത്സരങ്ങൾക്കായി ദോഹയിലായിരിക്കും ഉണ്ടാവുക. ഖത്തർ ഫുട്ബോൾ ഫെസ്റ്റിവലിന്റെ ഭാഗമായി മാർച്ച് 27-ന് സ്പെയിനുമായും മാർച്ച് 31-ന് ഖത്തറുമായും അർജന്റീന ഏറ്റുമുട്ടും.ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് ഈ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത് എന്നതിനാൽ മെസിയുടെ കേരള സന്ദർശനം വീണ്ടും നീളാനാണ് സാധ്യത.

Exit mobile version