ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ് ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിച്ചില്ല. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ നിർമാതാക്കളോട് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇതോടെ ചിത്രത്തിൻ്റെ റിലീസ് ഇനിയുംവൈകുമെന്ന് ഉറപ്പായി.
പൊങ്കൽ അവധി കഴിഞ്ഞ് ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. സെൻസർ ബോർഡിന്റെ (സിബിഎഫ്സി) ചെയർമാൻ നൽകിയ ഹർജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീം കോടതി നിരീക്ഷിച്ചു.
ജനുവരി ഒമ്പതിനാണ് ജനനായകൻ യു/എ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. ജസ്റ്റിസ് പി.ടി. ആശയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർബോർഡ് ചെയർമാന്റെ തീരുമാനവും സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ അപ്പീലിൽ അന്ന് വൈകീട്ട് തന്നെ ചിത്രത്തിന്റെ റീലീസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു. പിന്നാലെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത് നേരത്തേ തമിഴ്‌നാട് മുഖ്യമന്ത്രിയും വിജയയുടെ രാഷ്ട്രീയ എതിരാളിയുമായ എം.കെ. സ്റ്റാലിനും ചിത്രത്തെ പരോക്ഷമായി പിന്തുണച്ചിരുന്നു. ഇഡി, സിബിഐ തുടങ്ങിയവയ്ക്ക് പിന്നാലെ സെൻസർ ബോർഡിനേയും യൂണിയൻ സർക്കാർ ആയുധമാക്കി മാറ്റിയെന്നാണ് സ്റ്റാലിൻ പറഞ്ഞത്.
