Site icon Fourteen Kerala – 14 Kerala News

‘അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, അൽപ്പം മനസാക്ഷിയുള്ളവർ ക്രിമിനലിസത്തെ പിന്താങ്ങില്ല’ ; കെ കെ ശൈലജ

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെ കുറിച്ചുള്ള കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം നേതാവ് കെ കെ ശൈലജ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പൊലീസിന് കൈമാറിയത് കെപിസിസി പ്രസിഡൻ്റ് തന്നെയാണെന്ന് അവർ പറഞ്ഞു.

ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെ പി സി സി പ്രസിഡൻൻ്റ് പ്രതീക്ഷിച്ചിരിക്കാമെന്ന് കെ കെ ശൈലജ പറഞ്ഞു. അൽപ്പം മനസാക്ഷിയുള്ളവർ ഈ ക്രിമിനലിസത്തെ പിന്താങ്ങില്ല. അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് ശൈലജ പറഞ്ഞു.

ക്രിമിനലുകൾക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. പെൺകുട്ടികൾക്ക് ക്രൂരമായ അതിക്രമമാണ് നേരിടേണ്ടി വന്നത്. മനസാക്ഷിയുള്ള മലയാളികൾ ആക്രമിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പമാണ്. രാഷ്‌ട്രീയം നോക്കാതെയാണ് എൽഡിഎഫ് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ സ്ത്രീകൾക്ക് ആശ്വാസമുണ്ട്. സ്ത്രീലമ്പടൻമാരുടെ കൂടെ നിൽക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ മോട്ടീവ് കണ്ടെത്തണമെന്നും കെ കെ ശൈലജ പറഞ്ഞു. നടിയെ ആക്രമിച്ചവരെ കണ്ടെത്തിയെന്നും ഇനി ഇതിന്റെ പ്രേരണ എന്താണെന്ന് കണ്ടെത്തണമെന്നും കെ കെ ശൈലജ പറഞ്ഞു. കേസ് അവസാനിച്ചിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം? കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തും’, സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം പരാതി വെല്‍ ഡ്രാഫ്റ്റഡ് ആണെന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു.

Exit mobile version