Site icon Fourteen Kerala – 14 Kerala News

പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു

ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. നീർക്കുന്നം വെളിമ്പറമ്പിൽ അബ്ദുസലാമിന്‍റെ മകൻ സഹലാണ് പുലർച്ചെ മരിച്ചത്.

ഇന്നലെ ഉച്ചക്ക് പുന്നപ്ര ചന്ത ജംങ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവെ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിച്ചാണ് കാർ നിർത്തിയത്. ഉടൻ തന്നെ ആയിഷയെയും സഹലിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ സഹൽ മരിച്ചു. പുന്നപ്ര ജെ.ബി.എസ് സ്കൂളിലെ വിദ്യാർഥിയാണ് സഹൽ.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് വെള്ളിപറമ്പ് ആറാം മൈലിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. വൈത്തിരി സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനെ മറി കടക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടറിൽ ഉണ്ടായിരുന്ന മാവൂർ കുറ്റിക്കടവ് സ്വദേശിയായ സുഫിറലി (19)ക്ക് ഗുരുതര പരുക്കേറ്റു.

Exit mobile version