Site icon Fourteen Kerala – 14 Kerala News

ഒമിക്രോൺ വ്യാപനം തീവ്രമാകുന്നു; വാക്സിൻ പ്രതിരോധ ശേഷി ഒമിക്രോൺ മറികടക്കുമെന്ന് വിദഗ്ധ സമിതി

ദില്ലി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തീവ്രമാകുന്നു. ആകെ രോഗികൾ എണ്ണൂറ് കടന്നു. സംസ്ഥാനങ്ങളിലെ കൊവിഡ് (Covid) കേസുകളും കുത്തനെ കൂടി. ദില്ലിയിലെ പ്രതിദിന കണക്ക് 923 ൽ എത്തി. 86 ശതമാനമാണ് വർധന. മുംബൈ, കൽക്കട്ട, ബെംഗളൂരു എന്നിവിടങ്ങളിലും കേസുകൾ കൂടി. ഇതിനിടെ വാക്സിൻ പ്രതിരോധ ശേഷിയെ ഒമിക്രോൺ മറികടക്കും എന്ന് കണ്ടെത്തിയതായി സർക്കാരിന്റെ വിദഗ്ധ സമിതി വ്യക്തമാക്കി.

അതേസമയം, വരും നാളുകൾ കൊവിഡ് സുനാമിയുടേതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പുതിയ കൊവിഡ് വകഭേദങ്ങൾ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകർത്തെറിയുമെന്നാണ് മുന്നറിയിപ്പ്. വാക്സീൻ എടുക്കാത്തവരിൽ രോഗം വലിയ ആഘാതമുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്റോസ് അദാനോം പറഞ്ഞു. കൊറോണ വൈറസിന്‍റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം കുതിച്ച് ഉയരുമെന്നാണ് മുന്നറിയിപ്പ്. ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തുന്നവർ കൂടും. ഇത് നിലവിലെ ആരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാകും. കൊവിഡ് മരണം കൂത്തനെ ഉയരും. ഒമിക്രോൺ വകഭേദം വാക്സീൻ എടുത്തവരെയും ഒരിയ്ക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഫ്രാൻസിൽ ഒടുവിൽ രോഗം സ്ഥിരീകരിച്ചത് രണ്ടുലക്ഷത്തിലധികം പേർക്കാണ്. അമേരിക്കയിലും രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടുന്നു. ഇറ്റലി, ബ്രിട്ടൻ, പോർച്ചുഗൽ, ഗ്രീസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യങ്ങളും ദിനേനെ മോശമാവുകയാണ്.

Exit mobile version