Site icon Fourteen Kerala – 14 Kerala News

അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; അധ്യാപകനെതിരെ പരാതി

മലപ്പുറം : മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് ലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറയുന്നു. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു അടിച്ചത്.

ബസ് കിട്ടാത്തത് കൊണ്ട് സ്കൂളിൽ പോയിരുന്നില്ലെന്നു വിദ്യാർഥിയും രക്ഷിതാവും പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തിൽ അടികൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മർദമേറ്റതിൻ്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാർത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസിൽ പരാതി നൽകിയെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.

അതേസമയം അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ കൂടുതൽ പരിശോധന നടത്തി അതിൽ പങ്കാളികളായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യം കുട്ടിയാണ് അധ്യാപകനെ തല്ലി താഴെയിട്ടത്. പിന്നാലെ അധ്യാപകൻ എഴുന്നേറ്റ് കുട്ടിയെ തല്ലി. അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ലെന്നാണ് നമ്മുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. അതേസമയം കെ ടെറ്റ് പാസാകാത്ത എല്ലാ അധ്യാപകരെയും പിരിച്ചുവിടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയാൽ കേരളത്തിൽ വലിയ കെടുതികൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version