Site icon Fourteen Kerala – 14 Kerala News

കാലം മറക്കാത്ത, ഭൂമി ചുമക്കുന്ന ഓർമ്മ; വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്

നിശബ്ദത തോളിലേറ്റിയ ഒരു ഗ്രാമം. കരച്ചിലുകളും കേവലമായ ഓര്‍മ്മകളും മാത്രം ബാക്കിയാക്കി ഒരു വർഷം പിന്നിടുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ദുരന്തം വിഴുങ്ങിക്കഴിഞ്ഞ അത്രയധികം മനുഷ്യജീവിതോപാധികൾ, പൂർണമായും ഭാഗികമായും നശിച്ചുപോയ വീട്, ഇവയെല്ലാം മനസ്സിന്റെ പാറക്കെട്ടിൽ പതിച്ചുനിർത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഗ്രാമം. വീണ്ടും ഋതുക്കൾ മാറി വന്നു. വേനലും മഴയും വന്നു. പക്ഷെ വിലങ്ങാട് ജനതയ്ക്ക് ഇനിയും അന്നത്തെ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മോചിതരാകാൻ പറ്റിയിട്ടില്ല എന്നത് വാസ്തവം.

ജൂലൈ 30. പുലർച്ചെ പത്തോളം ഇടങ്ങളിലായി ഉരുൾപ്പൊട്ടി. വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. പെട്ടന്ന് തന്നെ ഉരുൾ വിലങ്ങാട് പ്രദേശത്തെ മണ്ണും ചളിയും വെള്ളവും കൊണ്ട് മൂടി. ദൈവത്തിന്റെ കാരുണ്യം കൊണ്ടാണോ എന്ന് അറിയില്ല. ഒരു മനുഷ്യജീവൻ മാത്രമേ പൊലിഞ്ഞുള്ളൂ. പക്ഷെ ആ ഒരു ജീവൻ.. അതും അത്രയേറെ വിലപ്പെട്ടതായിരുന്നു. കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു ആയിരുന്നു മരിച്ചത്. നാട്ടുകാർ ഉടനടി രക്ഷാപ്രവർത്തനത്തിന് എത്തി. നിരവധി കുടുംബങ്ങൾ താമസിക്കുന്ന അടിച്ചിപ്പാറ മഞ്ഞച്ചീളി പള്ളി ഭാഗത്ത് കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടെന്ന് അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു മാഷ്. . പൊടുന്നനെയാണ് മഞ്ഞ ചീളി അങ്കണവാടിക്കടുത്തെ കുന്ന് ഇടിയുന്നത് കണ്ടത്. ഉടൻ മാഷ് മറുവശത്തെ കടയുടെ ഭാഗത്തേക്ക് ഓടി. കടയുടെ ഭാഗത്തായിരുന്നു ഉരുൾപൊട്ടി വെള്ളം കുതിച്ചെത്തിയത്. ഇവിടെ ഒറ്റപ്പെട്ടു പോയ മത്തായി മാഷെ രക്ഷിക്കാൻ തൊട്ടടുത്തെ വീട്ടിൽ നിന്ന് കയറുമായി സിൻസ് മാഷ് എത്തുമ്പോഴേക്കും മാത്യു മാഷെ ഉരുൾ വിഴുങ്ങി.

വയനാട്ടിലെ ദുരന്തത്തിന്റെ അലയൊലികൾക്കിടയിൽ മറന്നുപോയൊരു കാര്യമുണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരം താലൂക്കിലെ ഈ പ്രദേശം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഉരുൾപൊട്ടലിൽ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. 2019-ലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും അയൽവാസിയും ഉൾപ്പടെ നാലുപേരും 2024 ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിൽ ഒരാളുമാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കകം തന്നെ ഏകദേശം നൂറിൽ കൂടുതൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്‌ത പ്രദേശമാണ് വിലങ്ങാട്.2024 ജൂലൈ 30-ന് ഒറ്റരാത്രികൊണ്ട് ജീവിതസമ്പാദ്യം നഷ്ടമായത് 14 കുടുംബങ്ങൾക്കാണ്. ഇവരുടെ വീടുകൾ പൂർണമായും തകർന്നു. 112-ഓളം വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.

Exit mobile version